ഫഹാഹീല് ഏരിയ കുവൈത്ത് കേരള മുസ്ലിം കള്ച്ചറല് സെന്റര്
പുതിയ വര്ക്കിംഗ് കമ്മിറ്റി നിലവില് വന്നു. മര്ഹൂം ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായിരുന്നു പ്രവാസലോകത്തെ മുഴുവന് സ്പന്ദനങ്ങളും നിയന്ത്രിക്കാനുതകുന്ന രീതിയില് കെ എം സി സി വളരുക എന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യസാക്ഷാല്കാരത്തിനുവേണ്ടിയാണ് ഓരോ കെ.എം.സി.സി മെന്പറും പ്രയത്നിക്കുന്നത്. ഇതിന്റെ പ്രതികരണമായിരുന്നു ഫഹാഹീല് ഏരിയയുടെ കമ്മിറ്റി ജനറല്ബോഡിയിലുടനീളം കണ്ടത്. ശിഹാബ് തങ്ങളുടെ മരുമകന് കൂടിയായ സയ്യിദ് മശ്ഹൂര് ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്, പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ നാനോന്മുഖമായ ക്ഷേമപ്രവര്ത്തനങ്ങള്ക്കും വേണ്ടി അക്ഷീണ പ്രയത്നം ചെയ്യാന് പ്രതിജ്ഞയെടുത്ത ഒരു പറ്റം യുവാക്കളുടെ കൂടിച്ചേരലായിരുന്നു അവിടെ. മനസ്സിന്റെ ആഴത്തില് കെ.എം.സി.സിയുടെയും മുസ്ലിം ലീഗിന്റെയും ഹരിതപതാക കൊത്തിവെച്ച ശേഷമാണ് ഓരോ പ്രവര്ത്തകനും ഓഫീസ് വിട്ടത്. തികഞ്ഞ ആത്മാര്ത്ഥതയോടെയും സന്നദ്ധതയോടെയുമാണ് പ്രവര്ത്തകര് നേതാക്കളുടെ ഉപദേശങ്ങള് ഉള്ക്കൊണ്ടത്.
സീനിയര് നേതാവ് സാലിഹ് ബത്തയുടെ സാരോപദേശങ്ങള് പ്രവര്ത്തകരെ കാല് നൂറ്റാണ്ട് മുന്പത്തെ, പരിമിതികള്ക്കുള്ളില് നിന്ന് കെ.എം.സി.സി മുന്പോട്ട് വെക്കുകയും നടപ്പാക്കുകയും ചെയ്ത ഐഡിയോളജിയിലേക്ക് കൊണ്ട്പോയി. പഴയ പ്രതാപത്തിലേക്ക് മടങ്ങിപ്പോകുന്നതോടൊപ്പം പുതിയ നൂതന രീതികള് കൂടി അവലംബിച്ച് പ്രവര്ത്തനം സജീവമാക്കണമെന്ന് നേതാക്കള് പ്രവര്ത്തകരെ ഉദ്ബോധിപ്പിച്ചു. അദ്ധ്യക്ഷനും ഫഹാഹീല് ഏരിയ കമ്മിറ്റിക്കും പുറമെ, വര്ക്കിംഗ് പ്രസിഡണ്ട് ബഷീര് ബത്ത, ജനറല് സെക്രട്ടറി ശറഫുദ്ദീന് കണ്ണകത്ത്, സലാം വളാഞ്ചേരി, അസീസ് തിക്കോടി, നസ്റുല്ല ഖാന്, മറ്റു ഏരിയ നേതാക്കള് എന്നിവര് പ്രസംഗിച്ചു.